Sunday, August 2, 2015

പ്രശ്നം 19 : ശ്രീകോവിലിനു ചുറ്റും എന്തിനു രതി ക്രീഡാ ശില്പങ്ങള്‍



കേരളത്തിലെ ചേര രാജ  കാലത്തുണ്ടാക്കിയതോ  ..പുതുക്കി പണിതതോ ആയ  അമ്പലങ്ങളില്‍ ശ്രീ കോവിലിനു ചുറ്റും വിവിധ രതിക്രീഡാ ശില്പങ്ങള്‍ ഉണ്ട് .( ഉദാ :  ഗുരുവായൂർ ). ശ്രീകോവിലില്‍ തൊഴുതു മടങ്ങുന്ന പല ഭക്തര്‍ക്കും  ഇവ ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു . ചിലര്‍  അവയുടെ ഫോട്ടോ മാത്രം കണ്ട് അവയെ ജീവിതത്തില്‍ മറ്റു പല സാമൂഹ്യ പ്രശ്നങ്ങള്‍ക്കും ഉള്ള പച്ചക്കൊടി ആയി ഇതിനെ കാണിക്കുന്നു ( ഉദാ : ചുംബന സമരം ) . എന്നിട്ട് ഇതൊക്കെ ആണ് നമ്മുടെ സംസ്കാരം എന്ന് പല സ്ഥലത്തും പറയുന്നു .. വിശ്വസിപ്പിക്കുന്നു

ഒരു കാര്യം ശരിയാണ് കാമം എന്നത് ഭാരതീയ സംസ്കാരത്തില്‍ ഒരിക്കലും ഒരു തെറ്റ് ആയി കണ്ടിരുന്നില്ല . മനുഷ്യൻറെ ശരീര പ്രവർത്തനം പോലെ  കാമത്തെ മനുഷ്യ മനസ്സിന്‍റെ തികച്ചും സ്വാഭാവികമായ ഒരു വികാരം എന്നതായാണ് ഭാരതം കരുതി വന്നത് . 

ഒന്നുകിൽ വിശ്വം മുഴുവൻ അല്ലെങ്കിൽ സ്വന്തം മനസ്സിനുള്ളിലെ ഞാൻ എന്ന  ബോധമായി  ഈശ്വരനെ കാണാൻ സാധിക്കാത്തവർക്ക്  ഈശ്വര സങ്കൽപ്പത്തെ ഒരു ബിംബത്തിൽ തളച്ചിട്ട്  മനസ്സിനെ ഏകാഗ്രമാക്കാൻ  ഒരു സഹായ കേന്ദ്രം മാത്രമാണ് അമ്പലങ്ങൾ .

ഭാരതത്തിൽ, വിശേഷിച്ച്  കേരളത്തിൽ ക്ഷേത്രങ്ങൾ രൂപകൽപന ചെയ്തിട്ടുള്ളത് മനുഷ്യ ശരീരത്തിന് സമമായാണ് അതിൽ ശ്രീകോവിൽ മനുഷ്യ മനസ്സും അതിനുള്ളിൽ  നിത്യബോധമായി വിളങ്ങുന്ന ഈശ്വര സ്ഥാനത്താണ് ബിംബ പ്രതിഷ്ഠ . അത് കൊണ്ട് തന്നെ ആണ് ശ്രീ കോവിലിലെ ബിംബത്തെ കാണുമ്പോൾ നാം കണ്ണടച്ച് തൊഴുന്നത്  ഇവിടെ നാം തൊഴുന്നത് സ്വന്തം മനസ്സിൽ ഉള്ള അഹംബോധത്തെ തന്നെ ആണ്. ബിംബത്തെ ഫോട്ടോ എടുക്കരുത് എന്ന് പറയുന്നതും ഇത് കൊണ്ട് തന്നെ .. കാരണം ആ ബിംബം എന്ന വസ്തു  അല്ല ദൈവം ..  ഓരോ ഭക്തന്റെയും കണ്ണിനു കാഴ്ചയായിരിക്കുന്ന സത്യബോധം  ആണ് ദൈവം . ഓരോരുത്തർക്കും വെവ്വേറെ ഭക്തി അനുഭവം ഉണ്ടാവുന്നതും അതുകൊണ്ട് തന്നെ

ശ്രീകോവിൽ "മനസ്സ്" ആണെന്നിരിക്കെ മനസ്സിലെ  സകല വിചാരങ്ങളെയും  കലാ ചതുരതയോടെ ഇണക്കി ഉണ്ടാക്കിയ ശില്പങ്ങൾ ആണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിക്കുന്നത് ..ഇതിൽ ദുഷ്ട  മൃഗങ്ങൾ ( അസൂയ , കോപം ) ഉണ്ടാവും .. തൊഴുന്ന മുനിമാര് ( സത് സ്വഭാവങ്ങൾ )  ഉണ്ടാവും .. കാമ കേളികൾ.. പാമ്പുകൾ ഇവയൊക്കെ  ഉണ്ടാവും ..ഇവയൊക്കെ മനുഷ്യ മനസ്സിന്റെ വിവിധ വിചാരധാരകൾ ആണ് . ഇതിനൊക്കെ സാക്ഷിയായി അതിനുള്ളിൽ ഇരിക്കുന്ന ചിദാനന്ദ സ്വരൂപം ആണ് ഈശ്വരൻ എന്ന തത്വം ആണ് ക്ഷേത്രങ്ങളിൽ വിഭാവനം ചെയ്തിരിക്കുന്നത്

ക്ഷേത്രങ്ങളിൽ പരമാനന്ദ സരൂപത്തെ മനസ്സിൽ ദർശനം ലഭിച്ചവർ .. ഇങ്ങനെ ഉള്ള രൂപങ്ങൾ ശ്രദ്ധിക്കാറു പോലും ഇല്ല എന്നുള്ളതും ഒരു വസ്തുത ആണ് ..

Friday, July 10, 2015

പ്രശ്നം 18 : എന്തിനാണ് ശത്രു സംഹാര പൂജ




പല അമ്പലങ്ങളിലും ഇങ്ങനെ ഒരു പൂജയെ ക്കുറിച്ച് എഴുതി വച്ചിട്ടുണ്ട് . അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കാതെ പലരും അയല്‍ വീട്ടുകാരൻ തുലഞ്ഞു  കിട്ടാന്‍ പോയി പൂജ കഴിച്ച് , അമ്പലത്തില്‍ തൊഴുത് സായൂജ്യം കൊള്ളാറുണ്ട്‌ .

മീശ മാധവൻ സിനിമയിൽ വളരെ ചിരിപ്പിക്കുന്ന ഒരു സീൻ ആണ് ..പുഷ്പക വിലാസം  ഭഗീരഥൻ പിള്ള .. ശത്രു സംഹാരം നടത്താൻ വെടി വഴിപാടു കഴിക്കാൻ പോവുന്നത്

 ക്ഷേത്രങ്ങളിലെ  ശത്രു സംഹാരപൂജ ശത്രുവിനെ സംഹരിക്കാൻ വേണ്ടി തന്നെ ആണ് .. പക്ഷെ ആരാണ് ഈ ശത്രു ?



ഭഗവത് ഗീത അദ്ധ്യായം 3 . 43 - കർമ്മ യോഗം

ഏവം ബുദ്ധെ  ഹാ പരം ബുദ്ധ്വ... സൻസ്തഭ്യ ആത്മാനം ആത്മനാ
ജഹി " ശത്രും " മഹാ ഭാഗോ കാമ രൂപം ദുരാസതം

 മനുഷ്യൻറെ ഒരേ ഒരു ശത്രു " കാമം " ആണ് കാമം എന്നാൽ  സ്ത്രീ വിഷയം മാത്രമല്ല .. .." കാമിക്കുക " എന്ത് കിട്ടിയാലും ശാന്തിയില്ലാത്ത  ഒടുങ്ങാത്ത  "ആഗ്രഹം " ..


ഭഗവത് ഗീത അദ്ധ്യായം 6  . 6  -അഭ്യാസ  യോഗം


ബന്ധുരത്മാത്മന സ്തസ്സ്യ
യെ നാ ത്മൈവാ ത്മനാ ജിത :
അനാത്മനസ്തു ശത്രുത്വെ
വർതൈതാത്മൈവ ശത്രുവത്

മനസ്സ് കീഴടക്കിയവന് അത് പോലെ ഒരു നല്ല സുഹൃത്ത് ഇല്ല .. എന്നാൽ അടങ്ങിയിരിക്കാത്ത മനസ്സ് പോലെ അവന് വേറെ ഒരു ശത്രു ലോകത്ത് ഇല്ല


തന്നിൽ നിന്ന് വേറെ ഒരാൾ ഇല്ല .. സർവം ആത്മ സ്വരൂപം എന്നാണ് ഭാരതം പഠിപ്പിക്കുന്നത് .. അവിടെ അങ്ങനെ കാണാൻ കഴിയാത്ത മനസ്സ് ഒഴിച്ച് വേറെ ഒരു ശത്രു ഇല്ല ..
ആ ശത്രുവിനെ വക വരുത്താനാണ് .. ശത്രു സംഹാര പുഷ്പാഞ്ജലി

എന്തിനെയും സ്വന്തം കാര്യത്തിന് വളച്ചൊടിക്കാൻ സ്വാതന്ത്ര്യമുണ്ട് പക്ഷെ ഒരു കാര്യത്തിനെ നേരെ വിപരീതമായി  മനുഷ്യർ മനസ്സിലാക്കിയ പൂജാവിധി ആണ് ശത്രു സംഹാര പൂജ













Sunday, November 16, 2014

പ്രശ്നം 17 : ശിവന്റെ തലയിൽ എന്ത് കൊണ്ട് ചന്ദ്രക്കല

ശിവന്റെ തലയിൽ എന്ത് കൊണ്ട് ചന്ദ്രക്കല




ശിവ ക്ഷേത്രത്തിൽ പോകുമ്പോൾ ചിന്തിച്ചിട്ടുണ്ടോ എന്ത് കൊണ്ടാണ് ശിവ ലിംഗത്തിനു മുകളിൽ ചന്ദ്രക്കലകൾ വയ്ക്കുന്നത് എന്ന് ?  എല്ലാ ശിവരൂപത്തിലും മുകളിൽ  ഒരു ചന്ദ്രക്കല കാണാം . അതിനു പിന്നിൽ ഒരു ആത്മീയ തത്വം ഉണ്ട്

ചന്ദ്രന് വേറെ ഉള്ള ഒരു പേര് ആണ് "മതി " അതായത് ബുദ്ധി . മനുഷ്യ മനസ്സും ചന്ദ്രനും തമ്മിൽ പ്രകൃത്യാ തന്നെ ബന്ധം ഉണ്ട് .. വാവ് ദിവസങ്ങളിൽ ബുദ്ധി ഭ്രമം സംഭവിച്ചവർക്ക് അത് കൂടാൻ സാധ്യത ഉണ്ട് . അത് കൊണ്ട് തന്നെ മഹർഷിമാർ പണ്ട് മുതലേ  ചന്ദ്രനെ ബുദ്ധിയുടെ ചിഹ്നം ആയി ഉപയോഗിച്ചിരുന്നു

നമ്മുടെ എല്ലാം ഉള്ളിൽ വസിക്കുന്ന പരമാത്മ ബോധം ആണ് ബുദ്ധിയെ താങ്ങി നിർത്തിയിരിക്കുന്നത് . ശിവൻ ആണ് ആ പരമാത്മ ബോധം അതിനു മുകളിൽ തിളങ്ങുന്ന ചന്ദ്രക്കല ബുദ്ധിയെ ആണ് പ്രതിനിദാനം ചെയ്യുന്നത്.

പാർവതി മനസ്സിനെയും .. ഗംഗ ആത്മ നിർവൃതിയെയും ആണ് പ്രതിനിദാനം ചെയ്യുന്നത്








Friday, November 14, 2014

പ്രശ്നം 16: ശിവനെ എന്ത് കൊണ്ട് ലിംഗാകൃതിയിൽ പൂജിക്കുന്നു

ശിവൻ എന്നാൽ നമ്മുടെ ഒരേ ഒരു  ജന്മ ലക്ഷ്യമായ ആത്മജ്ഞാനത്തിലെക്കുള്ള ( ശിവത്തിലെക്കുള്ള )  ഒരു മാർഗ്ഗം ആണ് . കയ്യിൽ ഉള്ളത് എല്ലാം ഉപേക്ഷിച്ച്  അവസാനം വസ്ത്രം ,  ശരീരം  മനസ്സ്, ബുദ്ധി .. ബാക്കി വരുന്ന അന്ധകാരത്തിൽ "ഞാൻ"  എന്ന് സ്വഫുരിക്കുന്നത് ആണ്  പരമാത്മ  തത്വം  എന്ന്  മനസ്സിലാവുമ്പോൾ മനസ്സ് ശിവത്തിനെ വരിക്കുന്നു  ( അത് കൊണ്ടാണ് ശിവന്  സംഹാരി എന്ന  പേര് വന്നത് )

ഇത് തന്നെ ആണ് പാർവതിപരിണയം ..  ( മനസ്സ്  ആത്മ വസ്തു പരിണയം )  

മനസ്സ് ശിവത്തെ അറിയുമ്പോൾ എന്ത് ഈ ലോകം മുഴുവൻ നിറഞ്ഞു കാണപ്പെടുന്നുവോ അത് എന്നിൽ ഉയർന്നു "ഞാൻ " " ഞാൻ " എന്ന് ബോധമായി ഉയർന്നു കാണപ്പെടുന്നു





ഇടത്ത് നിന്ന് നോക്കിയാൽ   ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ബോധം    മനസ്സ് തൊടുമ്പോൾ " താൻ " ആയി  പ്രകാശിക്കുന്നതാണ് ലിംഗം ..ഒടുക്കം മനസ്സ് തന്നെ അതായി മാറി വിശ്വത്തിൽ ലയിക്കുന്നതാണ് ഒടുക്കം 

അതിൽ നിന്ന് ഉണരുന്ന ആത്മാാനുഭൂതി ആണ് ഗംഗ .. അതിൽ ഒടുങ്ങിയാൽ ( മരിച്ചാൽ ) ആണ് പിന്നെ ജനനം ഇല്ലാത്തത് .. 

"ജ്ഞാന പ്രവാഹാ വിമലാതി ഗംഗ .. സാ കാഷികാ " ഹം " നിജ ബോധ രൂപ : "

എന്നാണ് ആദി ശങ്കരൻ തന്റെ കാശി പഞ്ചകത്തിൽ ഗംഗയെ പറ്റി പറഞ്ഞിട്ടുള്ളത്.

സദാ ശിവ ലിംഗം എന്നത് തന്നെ ആത്മ സാക്ഷാതകാരത്തിന്റെ പ്രത്യക്ഷ സ്വരൂപം ആണ് . 

ശിവനെ പിനാക ധാരിയായി ആരാധിക്കുന്നതിനേക്കാൾ സർവവ്യാപിയായി ആരാധിക്കുന്നതാണ് ലിംഗാരാധന  .ഭഗവാനെ ആ രൂപത്തിൽ കാണുമ്പോൾ ..അജ്ഞാനം നീങ്ങി .. ജ്ഞാനം പെട്ടെന്ന് തെളിയുന്നതായി പലരും അനുഭവത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് 

ഏറ്റവും അധികം  വ്യാജ കഥകളും ..  തെറ്റിദ്ധരിച്ചിട്ടുള്ളതും  ഒരു സിദ്ധാന്തം ആണ് ശിവ ലിംഗം .  ലിഗം എന്നത് ശരീര അവയവം ആണെന്നും മറ്റുമുള്ള ദുഷ് പ്രചാരങ്ങൾ മുഗൾ സാമ്രാജികർ ആണ് തുടങ്ങിയത് . അത് കൊണ്ട് തന്നെ പല ശിവ ക്ഷേത്രങ്ങളും അവർ ഉടച്ച് കളഞ്ഞിരുന്നു.  ആരെയും തിരുത്താൻ പോവാത്തതാണ് ഭാരതീയ രീതി അത് കൊണ്ട് ജ്ഞാനികൾ ആരും ഒന്നിനെയും എതിര്ത്തിരുന്നില്ല ..














Saturday, July 27, 2013

പ്രശ്നം 15 : കര്‍ക്കിടകത്തില്‍ എന്ത് കൊണ്ട് രാമായണ പാരായണം ?


കേരളത്തിൽ കര്‍ക്കിടകം രാമായണമാസം ആയി അറിയപ്പെടുന്നു . കർക്കിടകത്തിൽ എന്ത് കൊണ്ട് രാമായണം വായിക്കുന്നത് ?

കര്ക്കിടകം എന്നത് കേരളത്തിൽ മഴക്കാലം ആണ് . കാർഷിക വൃത്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കേരള ജനത്തിന് ഈ മാസം ദാരിദ്ര്യത്തിന്റെ കാലം ആണ് .മനുഷ്യനിൽ ഭക്തി ഉണര്ത്താൻ ഇതിലും നല്ല ഒരു സമയം ഇല്ല .

രാമായണം എന്നത്  ഒരു ദുഃഖ സമ്പൂർണമായ കഥ ആണ് . രാമ സീത  ലക്ഷ്മണന്റെ  ത്യാഗത്തിന്റെ കഥ ആണ് . രാമൻ അനുഭവിച്ച ദുഖത്തെ ക്കാളും വലുതാണോ തന്റെ ദുഃഖം എന്ന് സ്വയം ആശ്വസിക്കാൻ രാമായണ പാരായണം ഉപകരിക്കും

ലക്ഷ്മണൊപദേശം, വിഭീഷണോപദേശം, വസിഷ്ഠ മഹർഷിയുടെ കൈവല്യ നവനീതം ഇവയെല്ലാം കഥകളിലൂടെ പറഞ്ഞു പോകുന്ന ആത്മ ജ്ഞാന പ്രദായകങ്ങൾ ആയ ഉപദേശങ്ങൾ ആണ് . ലോകത്ത് എല്ലാം നേടിയ പുരുഷോത്തമനായ രാമന് പുറമേ നിന്ന് മന സുഖം കിട്ടിയില്ല എന്നും രാമായണം പറഞ്ഞു വയ്ക്കുന്നു . സുഖം എന്നത് അകത്ത് നിന്നല്ലാതെ എവിടെ നിന്ന് കിട്ടാൻ .

ഏറ്റവും പ്രധാന വിഷയം , കർക്കിടകത്തിൽ രാമായണം തുടങ്ങണം എന്നാണ് .. ചിങ്ങത്തിൽ അവസാനിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല . കർക്കിടകത്തിൽ തുടങ്ങിയാൽ ജീവിതാവസാനം വരെ പിന്നെ നിർത്തരുത്.. അങ്ങനെ വേണം രാമായണം വായിക്കാൻ.


വാൽ കഷ്ണം
*********
ഒരു ഉത്സവ കമ്മിറ്റി കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണത്തിനായി ഒരു പ്രഭാഷകനെ സമീപിച്ചു ..തിരക്കായത് കൊണ്ട് അടുത്ത മാസം പോരെ എന്ന് ചോദിച്ച പ്രഭാഷകനോട് കമ്മിറ്റി പ്രസിഡന്റ്‌  പറഞ്ഞത്രേ .. "  ചിങ്ങ മാസത്തില്‍ രാമായണം വായിക്കാമോ  ഞങ്ങടെ നാട്ടില ആരും വായിക്കാറില്ല " എന്ന്

Wednesday, June 19, 2013

പ്രശ്നം 14 : ഭസ്മം ധരിക്കുന്നത് എന്തിന്?






ശിവ ക്ഷേത്രങ്ങളിലെ മുഖ്യ പ്രസാദം ആണ് ഭസ്മം . ഭസ്മം എന്നാൽ ചാരം ആണ് .ഭസ്മം നെറ്റിയിൽ തോടുക മാത്രമല്ല ദേഹം മുഴുവൻ പൂശാറുണ്ട് . ഭസ്മം തോടുക അല്ല . ധരിക്കുക എന്നാണ് പറയുക


 ഒരു ദൃശ്യ വസ്തു അഗ്നിയിൽ കത്തിയത്തിനു ശേഷം ശേഷിക്കുന്ന വസ്തു . ലോകത്തിൽ എന്തിനെയും നശിപ്പിക്കുന്നതാണ് അഗ്നി . എന്നാൽ അഗ്നിയാൽ പോലും നശിപ്പിക്കാൻ കഴിയാത്തതാണ് ഭസ്മം



ആത്മാവിന്റെ ബഹിർ സ്വരൂപം ആയിട്ടാണ് ഭസ്മം ദേഹത്ത് പൂശുന്നത് . ഞാൻ എന്നത് ഈ ഭസ്മം പോലെ നാശം ഇല്ലാത്തത് എന്നാണ് ഇതിന്റെ അർത്ഥം .

ലോകത്തിലെ എല്ലാ വസ്തുക്കളും അഗ്നിയിൽ എരിഞ്ഞു ചാരം എന്ന ഒരു വസ്തു ആയി മാറുന്നത് പോലെ,  നാം എല്ലാം പല പല വസ്തുക്കളായി നാമ രൂപത്തിൽ ഈ ലോകത്ത് കാണുന്നു എങ്കിലും എല്ലാം ഒരേ ഒരു  ആത്മാവിന്റെ പ്രതി സ്വരൂപങ്ങൾ ആണ് എന്ന് ഭസ്മം കാണുമ്പോൾ ഓരോരുത്തര്ക്കും ഓർമ വരണം . അതിലൂടെ ആത്മാവിനെയും .. ആത്മസ്വരൂപനായ  ഈശ്വരനെയും ഒര്ക്കാൻ വേണ്ടി ആണ് ഭസ്മം ധരിക്കുന്നത് .

നശ്വരമായ ശരീരത്തിന് മുകളിൽ പൂശുന്ന അനശ്വര വസ്തു ആണ് ഭസ്മം . ഞാൻ എന്നത് ഈ ശരീരം അല്ല .. അഖണ്ഡമായ ആത്മബോധം ആണ് എന്നാണ് ഒരാൾ ഭസ്മം ധരിക്കുന്നതിലൂടെ ലോകത്തിനോട് പറയുന്നത് 

Sunday, June 9, 2013

പ്രശ്നം 13 : പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത് ?

ഭാരതത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദ നമസ്കാരം ചെയ്യാറുണ്ട് . കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു പിടിച്ച് അനുഗ്രഹം വാങ്ങാറുണ്ട് . പക്ഷെ പലര്ക്കും താൻ എന്തിനു ഇത്  ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത് .




ഋഷിമാർ  മനുഷ്യ ശരീരത്തെ  സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു .

അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ് .ലോകത്ത് എല്ലായിടത്തും തല അധികാര  സ്ഥാനം തന്നെ . തലക്കനം എന്നും അഹങ്കാരത്തിനു പേര് ഉണ്ട് .

 ഹൃദയ ഭാഗത്ത് ആണ്  ( ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല  നെഞ്ചിന്റെ വലതു വശത്ത്‌  ) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മ സ്ഥാനം .

ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ് .  ആരും തലയിൽ തൊട്ടു " ഞാൻ " എന്ന് പറയാറില്ല .. വയറിൽ തൊട്ടും പറയാറില്ല .. ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിന്റെ വലതു വശം ആണ് . അവിടെ ആണ് ഋഷിമാർ പറയുന്ന " ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം .

കണ്ണ്  ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം .. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ്  നോക്കി സംസാരിക്കുന്നത്  . അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത് . മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ് .

കൈ വഴി ആണ്  ആത്മബോധം അതായത് ശാന്തി പ്രവഹികുന്നത് . ദേവി ദേവന്മാർ കൈ ഉയർത്തി അനുഗ്രഹിക്കുന്നത് .. " ആത്മ ബോധം ഉണ്ടാവട്ടെ" " ശാന്തി ലഭിക്കട്ടെ എന്നാണ്

ഗുരുവിന്റെ പാദം  ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശ സ്ഥാനം . ചിദംബരം  നടരാജ  മൂർത്തി   ഇടതു കാൽ തൂക്കി അത്  കൈ കൊണ്ട് ചൂണ്ടി കാണിച്ച് വലതു കൈ കൊണ്ട്   ശാന്തി അരുളി  ആണ് നടനം ചെയ്യുന്നത് . " നോക്കൂ  ഇവിടെ ആണ് നിന്റെ ശാന്തി മാര്ഗം  " അതാണ് അതിന്റെ അർത്ഥം .



ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ  വയ്ക്കുന്നതോടെ
" എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമര്പ്പിക്കുന്നു "  എന്നാണ്  അർത്ഥം . അപ്പോൾ ഗുരു തലയിൽ  കൈ വച്ച് അനുഗ്രഹിക്കുന്നു . " നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ അർപ്പിച്ചത്  മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ " എന്നാണ്  തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നല്കുന്നതിന്റെ അർത്ഥം

വളരേ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ് " പാദ ദീക്ഷ " ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് പാദ ദീക്ഷ . അഹല്യക്ക് ശ്രീരാമൻ .. മഹാബലിക്ക് വാമനൻ തുടങ്ങി അപൂർവ്വം ഭക്തര്ക്കെ ഭഗവാന്റെ , ഗുരുവിന്റെ പാദ ദീക്ഷ ലഭിക്കാൻ പുണ്യം ചെയ്തിട്ടുള്ളൂ

പൂര്ണമായ അഹങ്കാര നാശവും ആത്മ സുഖവും  ആണ് പാദദീക്ഷയുടെ അർത്ഥം .

ഹസ്ത ദീക്ഷ എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും .. പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നല്കുന്നതും ആണ്

 അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക .. ശാന്തി  നേടുക എന്നതാണ് . ഓരോ മനുഷ്യ കര്മ്മത്തിന്റെയും ലക്‌ഷ്യം .