Saturday, July 27, 2013

പ്രശ്നം 15 : കര്‍ക്കിടകത്തില്‍ എന്ത് കൊണ്ട് രാമായണ പാരായണം ?


കേരളത്തിൽ കര്‍ക്കിടകം രാമായണമാസം ആയി അറിയപ്പെടുന്നു . കർക്കിടകത്തിൽ എന്ത് കൊണ്ട് രാമായണം വായിക്കുന്നത് ?

കര്ക്കിടകം എന്നത് കേരളത്തിൽ മഴക്കാലം ആണ് . കാർഷിക വൃത്തിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കേരള ജനത്തിന് ഈ മാസം ദാരിദ്ര്യത്തിന്റെ കാലം ആണ് .മനുഷ്യനിൽ ഭക്തി ഉണര്ത്താൻ ഇതിലും നല്ല ഒരു സമയം ഇല്ല .

രാമായണം എന്നത്  ഒരു ദുഃഖ സമ്പൂർണമായ കഥ ആണ് . രാമ സീത  ലക്ഷ്മണന്റെ  ത്യാഗത്തിന്റെ കഥ ആണ് . രാമൻ അനുഭവിച്ച ദുഖത്തെ ക്കാളും വലുതാണോ തന്റെ ദുഃഖം എന്ന് സ്വയം ആശ്വസിക്കാൻ രാമായണ പാരായണം ഉപകരിക്കും

ലക്ഷ്മണൊപദേശം, വിഭീഷണോപദേശം, വസിഷ്ഠ മഹർഷിയുടെ കൈവല്യ നവനീതം ഇവയെല്ലാം കഥകളിലൂടെ പറഞ്ഞു പോകുന്ന ആത്മ ജ്ഞാന പ്രദായകങ്ങൾ ആയ ഉപദേശങ്ങൾ ആണ് . ലോകത്ത് എല്ലാം നേടിയ പുരുഷോത്തമനായ രാമന് പുറമേ നിന്ന് മന സുഖം കിട്ടിയില്ല എന്നും രാമായണം പറഞ്ഞു വയ്ക്കുന്നു . സുഖം എന്നത് അകത്ത് നിന്നല്ലാതെ എവിടെ നിന്ന് കിട്ടാൻ .

ഏറ്റവും പ്രധാന വിഷയം , കർക്കിടകത്തിൽ രാമായണം തുടങ്ങണം എന്നാണ് .. ചിങ്ങത്തിൽ അവസാനിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല . കർക്കിടകത്തിൽ തുടങ്ങിയാൽ ജീവിതാവസാനം വരെ പിന്നെ നിർത്തരുത്.. അങ്ങനെ വേണം രാമായണം വായിക്കാൻ.


വാൽ കഷ്ണം
*********
ഒരു ഉത്സവ കമ്മിറ്റി കര്‍ക്കിടക മാസത്തില്‍ രാമായണ പാരായണത്തിനായി ഒരു പ്രഭാഷകനെ സമീപിച്ചു ..തിരക്കായത് കൊണ്ട് അടുത്ത മാസം പോരെ എന്ന് ചോദിച്ച പ്രഭാഷകനോട് കമ്മിറ്റി പ്രസിഡന്റ്‌  പറഞ്ഞത്രേ .. "  ചിങ്ങ മാസത്തില്‍ രാമായണം വായിക്കാമോ  ഞങ്ങടെ നാട്ടില ആരും വായിക്കാറില്ല " എന്ന്

Wednesday, June 19, 2013

പ്രശ്നം 14 : ഭസ്മം ധരിക്കുന്നത് എന്തിന്?






ശിവ ക്ഷേത്രങ്ങളിലെ മുഖ്യ പ്രസാദം ആണ് ഭസ്മം . ഭസ്മം എന്നാൽ ചാരം ആണ് .ഭസ്മം നെറ്റിയിൽ തോടുക മാത്രമല്ല ദേഹം മുഴുവൻ പൂശാറുണ്ട് . ഭസ്മം തോടുക അല്ല . ധരിക്കുക എന്നാണ് പറയുക


 ഒരു ദൃശ്യ വസ്തു അഗ്നിയിൽ കത്തിയത്തിനു ശേഷം ശേഷിക്കുന്ന വസ്തു . ലോകത്തിൽ എന്തിനെയും നശിപ്പിക്കുന്നതാണ് അഗ്നി . എന്നാൽ അഗ്നിയാൽ പോലും നശിപ്പിക്കാൻ കഴിയാത്തതാണ് ഭസ്മം



ആത്മാവിന്റെ ബഹിർ സ്വരൂപം ആയിട്ടാണ് ഭസ്മം ദേഹത്ത് പൂശുന്നത് . ഞാൻ എന്നത് ഈ ഭസ്മം പോലെ നാശം ഇല്ലാത്തത് എന്നാണ് ഇതിന്റെ അർത്ഥം .

ലോകത്തിലെ എല്ലാ വസ്തുക്കളും അഗ്നിയിൽ എരിഞ്ഞു ചാരം എന്ന ഒരു വസ്തു ആയി മാറുന്നത് പോലെ,  നാം എല്ലാം പല പല വസ്തുക്കളായി നാമ രൂപത്തിൽ ഈ ലോകത്ത് കാണുന്നു എങ്കിലും എല്ലാം ഒരേ ഒരു  ആത്മാവിന്റെ പ്രതി സ്വരൂപങ്ങൾ ആണ് എന്ന് ഭസ്മം കാണുമ്പോൾ ഓരോരുത്തര്ക്കും ഓർമ വരണം . അതിലൂടെ ആത്മാവിനെയും .. ആത്മസ്വരൂപനായ  ഈശ്വരനെയും ഒര്ക്കാൻ വേണ്ടി ആണ് ഭസ്മം ധരിക്കുന്നത് .

നശ്വരമായ ശരീരത്തിന് മുകളിൽ പൂശുന്ന അനശ്വര വസ്തു ആണ് ഭസ്മം . ഞാൻ എന്നത് ഈ ശരീരം അല്ല .. അഖണ്ഡമായ ആത്മബോധം ആണ് എന്നാണ് ഒരാൾ ഭസ്മം ധരിക്കുന്നതിലൂടെ ലോകത്തിനോട് പറയുന്നത് 

Sunday, June 9, 2013

പ്രശ്നം 13 : പാദ നമസ്കാരത്തിന്റെ അർത്ഥം എന്ത് ?

ഭാരതത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദ നമസ്കാരം ചെയ്യാറുണ്ട് . കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു പിടിച്ച് അനുഗ്രഹം വാങ്ങാറുണ്ട് . പക്ഷെ പലര്ക്കും താൻ എന്തിനു ഇത്  ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത് .




ഋഷിമാർ  മനുഷ്യ ശരീരത്തെ  സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു .

അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ് .ലോകത്ത് എല്ലായിടത്തും തല അധികാര  സ്ഥാനം തന്നെ . തലക്കനം എന്നും അഹങ്കാരത്തിനു പേര് ഉണ്ട് .

 ഹൃദയ ഭാഗത്ത് ആണ്  ( ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല  നെഞ്ചിന്റെ വലതു വശത്ത്‌  ) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മ സ്ഥാനം .

ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ് .  ആരും തലയിൽ തൊട്ടു " ഞാൻ " എന്ന് പറയാറില്ല .. വയറിൽ തൊട്ടും പറയാറില്ല .. ലോകം മുഴുവൻ ഞാൻ എന്നാൽ നെഞ്ചിന്റെ വലതു വശം ആണ് . അവിടെ ആണ് ഋഷിമാർ പറയുന്ന " ഞാൻ " ഉദിക്കുന്ന ആത്മ സ്ഥാനം .

കണ്ണ്  ആണ് ആത്മാവിന്റെ ദൃശ്യ സ്ഥാനം .. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ്  നോക്കി സംസാരിക്കുന്നത്  . അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത് മനസ്സിലാവുന്നത് . മൃതദേഹത്തിന്റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ് .

കൈ വഴി ആണ്  ആത്മബോധം അതായത് ശാന്തി പ്രവഹികുന്നത് . ദേവി ദേവന്മാർ കൈ ഉയർത്തി അനുഗ്രഹിക്കുന്നത് .. " ആത്മ ബോധം ഉണ്ടാവട്ടെ" " ശാന്തി ലഭിക്കട്ടെ എന്നാണ്

ഗുരുവിന്റെ പാദം  ആണ് ഒരു മനുഷ്യന്റെ അഹങ്കാരത്തിന്റെ നാശ സ്ഥാനം . ചിദംബരം  നടരാജ  മൂർത്തി   ഇടതു കാൽ തൂക്കി അത്  കൈ കൊണ്ട് ചൂണ്ടി കാണിച്ച് വലതു കൈ കൊണ്ട്   ശാന്തി അരുളി  ആണ് നടനം ചെയ്യുന്നത് . " നോക്കൂ  ഇവിടെ ആണ് നിന്റെ ശാന്തി മാര്ഗം  " അതാണ് അതിന്റെ അർത്ഥം .



ഒരു ഗുരുവിന്റെ കാൽ തൊട്ടു തലയിൽ  വയ്ക്കുന്നതോടെ
" എന്റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമര്പ്പിക്കുന്നു "  എന്നാണ്  അർത്ഥം . അപ്പോൾ ഗുരു തലയിൽ  കൈ വച്ച് അനുഗ്രഹിക്കുന്നു . " നിന്റെ അഹങ്കാരം എന്റെ കാൽകീഴിൽ അർപ്പിച്ചത്  മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ " എന്നാണ്  തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നല്കുന്നതിന്റെ അർത്ഥം

വളരേ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ് " പാദ ദീക്ഷ " ഗുരുവിന്റെ പാദം ശിഷ്യന്റെ ശിരസ്സിൽ വയ്ക്കുന്നതാണ് പാദ ദീക്ഷ . അഹല്യക്ക് ശ്രീരാമൻ .. മഹാബലിക്ക് വാമനൻ തുടങ്ങി അപൂർവ്വം ഭക്തര്ക്കെ ഭഗവാന്റെ , ഗുരുവിന്റെ പാദ ദീക്ഷ ലഭിക്കാൻ പുണ്യം ചെയ്തിട്ടുള്ളൂ

പൂര്ണമായ അഹങ്കാര നാശവും ആത്മ സുഖവും  ആണ് പാദദീക്ഷയുടെ അർത്ഥം .

ഹസ്ത ദീക്ഷ എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും .. പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നല്കുന്നതും ആണ്

 അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക .. ശാന്തി  നേടുക എന്നതാണ് . ഓരോ മനുഷ്യ കര്മ്മത്തിന്റെയും ലക്‌ഷ്യം .






Monday, May 27, 2013

പ്രശ്നം 12: മകരജ്യോതി സത്യമോ

മകരജ്യോതി സത്യമോ


മകര ജ്യോതി സത്യം അല്ല എന്ന് വാദിക്കുന്നവര്‍ എന്ത് കൊണ്ട് സത്യം അല്ല എന്ന് പറയുന്നു ?

അത് മനുഷ്യനാല്‍ കത്തിക്കുന്നത് കൊണ്ട്

അങ്ങനെയെങ്കില്‍ അയ്യപ്പനെ കണ്ടു എന്തിനു തൊഴുന്നു

അയ്യപ്പനെ പ്രതിഷ്ടിച്ചത് ഒരു മനുഷ്യന്‍ തന്നെ അല്ലെ .. സ്വയം ഉയര്‍ന്ന്‍ വന്നത് അല്ലല്ലോ

അയ്യപ്പന്‍ മാത്രം സത്യം .. മകര ജ്യോതി സത്യം അല്ല .. എന്താ അങ്ങനെ ?

എന്താണ് സത്യം .. അത് ആദ്യം നോക്കാം

ഭാരതീയ ചിന്ത പ്രകാരം

" ഒരു മനുഷ്യന്റെ ഉള്ളില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു  ശാന്തി ഉണര്‍ത്തുന്നത് എന്തോ അതാണ്‌ സത്യം "

ബാക്കി നാം കാണുന്ന എല്ലാം "വസ്തുത"  ആണ് ..


ഭൂമി ഉരുണ്ടതാണ് എന്നത് ഒരു വസ്തുത ആണ്

ചൊവ്വയില്‍ ജീവന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വസ്തുത ആണ്


നോക്കൂ ഇത്  ഏതെങ്കിലും  കേട്ടിട്ട് നിങ്ങള്ക്ക്  ശാന്തി കിട്ടിയോ ? എന്തെന്നില്ലാത്ത ഒരു സമാധാനം അനുഭവപ്പെട്ടോ .. .

എന്നാല്‍ മകരജ്യോതി അയ്യപ്പന്‍ ആണ് എന്ന് വിശ്വസിച്ച്  മനസ്സ് അടക്കി പ്രാര്തിച്ച് നോക്കൂ ..ഉള്ളില്‍ വരുന്ന നിര്‍വൃതി ആണ് സത്യം .


അമ്പലത്തിലെ ബിംബം ദൈവം ആണ് എന്ന്  വിശ്വസിച്ച്  മനസ്സ് അടക്കി പ്രാര്തിച്ച് നോക്കൂ ..അപ്പോള്‍ ഉള്ളില്‍ വരുന്ന നിര്‍വൃതി ആണ് സത്യം .


അമ്പലങ്ങളുടെ ലക്ഷ്യം ആ സത്യത്തെ ഉണര്ത്താനാണ് ... അല്ലാതെ ശാസ്ത്രീയമായ സത്യത്തെ തിരയാനല്ല .

. വസ്തുതകളെ സത്യം എന്ന് വിചാരിച്ച് അതില്‍ നിന്ന് സമാധാനം കിട്ടാത്തത് കൊണ്ടാണ് യുക്തിവാദികള്‍  എപ്പോഴുംവാദിച്ചു കൊണ്ടിരിക്കുന്നത് .. ശാന്തി ലഭിച്ചവന്‍ ആ ശാന്തി ആസ്വദിച്ച് ഇരിക്കുകയെ ഉള്ളൂ .. വാദിക്കുക ഇല്ല .

വസ്തുതകള്‍ മാത്രം പഠിപ്പിക്കുന്നതാണ് നമ്മുടെ വിദ്യാഭ്യാസം .. അത് അവനു ഒരിക്കലും ശാന്തി കൊടുക്കില്ല .. ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അശാന്തി ആണ് .. ഭാരതം ലോകത്തിനു പഠിപ്പിച്ച ഒരേ ഒരു മഹനീയമായ   കണ്ടു പിടുത്തം " ശാന്തി എങ്ങനെ നേടാം ". ലോകം മുഴുവന്‍ തേടുന്നതും അത് തന്നെ.

Sunday, May 26, 2013

പ്രശ്നം 11:കണക്കിൽ എത്ര സംഖ്യകൾ ഉണ്ട്

കണക്കിൽ എത്ര സംഖ്യകൾ ഉണ്ട്


പത്ത് .. ആയിരം .. ലക്ഷം ? .. ചിലർ  പറയും അനന്തം ..പക്ഷെ വ്യക്തമായി ചിന്തിച്ചാൽ മനസ്സിലാകും നമുക്ക് ഇവിടെ ആകെ  രണ്ടു സംഖ്യകൾ മാത്രമേ ഉള്ളു അവയാണ്

പൂജ്യം , ഒന്ന്

 ആ ഒന്നിൽ നിന്ന് പിന്നെ വേറെ ഒന്ന് ചേരുമ്പോൾ ആണ് രണ്ട് , മൂന്ന് .. മറ്റ്  എല്ലാ സംഖ്യകളും ഉണ്ടാകുന്നത് . അപ്പോൾ ഒന്ന് എന്നത് ഉള്ള വസ്തുവും  ബാക്കി എല്ലാ സംഖ്യകളും ആ ഒന്നിൽ നിന്ന് ഒന്ന് ചേർന്ന് ഉണ്ടായിട്ടുള്ളതും ആണ്

അത് പോലെ തന്നെ ഈ പ്രപഞ്ചത്തിൽ  പല വസ്തുക്കൾ ഇവിടെ ഉണ്ട് എന്ന് പ്രതീതി തോന്നുമെങ്കിലും ഫലത്തിൽ ഓരോരുത്തര്ക്കും അവവരുടെ ജീവനോട്‌ ചേർന്ന പരമാത്മാവ്‌ മാത്രം ആണ് ഉള്ളത്

"പൂജ്യം" എന്നത്  ഓരോരുത്തരുടെയും ശരീരം , മനസ്സ് ,ബുദ്ധി , അഹങ്കാരം ഇവകൾ ചേർന്ന ബഹിർ സ്വരൂപം ആണ് .. "ഒന്ന്" എന്നത് നമ്മൾ ഓരോരുത്തരിലും,  ലോകം മുഴുവനും നിറഞ്ഞു നില്ക്കുന്ന ആത്മസ്വരൂപവും

ആ ആത്മസ്വരൂപത്തെ ആണ് ഈശ്വരൻ എന്നും ഗുരു എന്നും ഭാരതീയ  ഋഷിമാർ വിളിച്ചു പോന്നത്

പൂജത്തിനു തനിച്ച്  ഒരു വിലയും ഇല്ല  പക്ഷെ അത് ഒന്നിനോട് കൂടി ചേരുമ്പോൾ അതിനു വില കൈവരുന്നു . ഓരോ പൂജ്യം ചേരുമ്പോഴും വില കൂടി കൂടി വരുന്നു .

000000

1000000


അത് പോലെ ആണ് നമ്മുടെ മനസ്സും ബുദ്ധിയും അഹങ്കാരവും എല്ലാം .. ആത്മജ്ഞാനം .. ( ഈശ്വരവിശ്വാസം ) എന്ന "ഒന്ന്"   ഇല്ലെങ്കിൽ .. ജീവിതം, കുറെ പൂജ്യം വെറുതെ ഇടുന്നത് പോലെ ആണ് .. കുറെ എന്തൊക്കെയോ ഉള്ളത് പോലെ തോന്നും അവസാനം ഒരു ലക്ഷ്യവും കാണാതെ നിരാശയിൽ അവസാനിക്കും .



ദൈവ ഭക്തി  മുറുകെ പിടിച്ചു കൊണ്ട് നമ്മൾ ചെയ്യുന്ന ഓരോ കർമ്മങ്ങളും  ഒന്ന് കഴിഞ്ഞു ഇടുന്ന ഓരോ പൂജ്യങ്ങൾ ആണ് ..അതിനു വില കൂടി വരും .
അതിനാൽ ചെറുപ്പം മുതലേ .. പറ്റുമെങ്കിൽ  ഒരു കുഞ്ഞ് പിറക്കുന്നത്‌ തന്നെ മുൻപേ കുട്ടികള്ക്ക് ദൈവ വിശ്വാസം കൊടുക്കുക . ആദ്യം പ്രാകൃതമായി തുടങ്ങട്ടെ ..ദൈവം, നിസ്സാര ലോകൈക  ആഗ്രഹ സാഫല്യത്തിന് നിവര്ത്തിക്കുന്ന ഒരു സർവ്വശക്തൻ ആയി ഭജിച്ചു തുടങ്ങട്ടെ . അത് അവസാനം അവര്ക്ക് നിത്യ സത്യമായ ഒന്നിനെ മനസ്സിലാക്കി കൊടുക്കുകയും .. ജ്ഞാനം പ്രകാശിപ്പിക്കുകയും  ചെയ്യും .

 പിന്നീട് അവർ ചെയ്യുന്ന ഏതു  കർമ്മത്തിലും   സംഗീതത്തിൽ ശ്രുതി പോലെ ദൈവ ചിന്ത വരുകയും  . ഒന്നിനോട് ചേർന്ന് നില്ക്കുന്ന പൂജ്യങ്ങളെ പോലെ ശോഭിക്കുകയും ചെയ്യും .


ശ്രീരാമകൃഷ്ണ പരമഹംസൻ ശിഷ്യരോട്  ഒരു ഉപദേശം പറയാറുണ്ട്‌

ഉത്സവം കാണാൻ പോകുമ്പോൾ എപ്പോഴും സത്രം കണ്ടുപിടിച്ച്  അവിടെ ഭാണ്ഡം ഇറക്കി വച്ച് ഉത്സവം കാണാൻ പോകണം . അപ്പോൾ ഉത്സവം കണ്ടു കഴിഞ്ഞു രാത്രി സത്രത്തിൽ വന്നു വിശ്രമിക്കാം .

എല്ലാ ഭാണ്ഡവും തലയിൽ  ചുമന്നു ഉത്സവം കണ്ടാൽ ക്ഷീണിച്ച് ഉത്സവം ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രം അല്ല .. രാത്രി വന്നാൽ സത്രം കിട്ടുകയും  ഇല്ല .

 .  ഇത് പോലെ തന്നെ ആണ് ജീവിതവും . ഈശ്വര ഭക്തി വയസ്സായിട്ടു ചെയ്യാം എന്ന് കരുതി ഇരുന്നാൽ അവസാനം ജീവിതാവസാനത്തിൽ രോഗ പീഡകൾ കൊണ്ട് വലയുകയും  എല്ലാവരാലും ഒഴിവാക്കപ്പെടുകയും ചെയ്യുകയും .. അപ്പോൾ ദൈവ ഭക്തി വന്നാലും ജ്ഞാനം പ്രാപികാതെ മരിച്ചു പോവുകയും ചെയ്യും .

ആരോഗ്യം ഉള്ളപ്പോളേ ദൈവ ഭക്തി  ശീലിക്കണം  അല്ലാതെ  ജീവിതം മുഴുവൻ "ഞാൻ " എന്ന ഭാണ്ഡം ഏറ്റി ജീവിതം കൊണ്ട് പൊയാൽ അത് മൂല്യ ശോഷണത്തിൽ കലാശിക്കും  . ദൈവ ഭക്തി ഉള്ളില വച്ചു എങ്ങനെ ജീവിച്ചാലും ആ ജീവന് മൂല്യം ഏറി വരും .. ഒന്നിനോട് ചേർന്ന  പൂജം പോലെ .

ജിവിതം  ആ മഹാ ശക്തിയെ ഏല്പ്പിച്ച് സന്തോഷത്തോടെ കർമ്മം ചെയ്യാം . ജീവിതാവസാനത്തിൽ അത് നമ്മളെ ജ്ഞാനത്തിൽ എത്തിക്കുകയും ചെയ്യും








Wednesday, May 8, 2013

പ്രശ്നം 10: ലഡ്ഡു മധുരിക്കുന്നത് എന്തുകൊണ്ട് ?

വിഡ്ഢി  ചോദ്യം എന്ന് കരുതി തള്ളാൻ  വരട്ടെ ... എത്ര പേർ ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ട് ?

ലഡ്ഡു മധുരിക്കുന്നു എന്നാണ് ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്‌ ..അതായത് ലഡ്ഡു വിലാണ് മധുരം ഉള്ളത് ..  പുറമേ ആണ് സുഖം ഉള്ളത് ..പക്ഷെ ലഡ്ഡു വിൽ അല്ല മധുരം . ലഡ്ഡു നമ്മുടെ വായിൽ എത്തുമ്പോൾ മാത്രം ആണ് മധുരം .

വിശദമായി പറഞ്ഞാൽ  പഞ്ചസാര എന്ന വസ്തു നാവിൽ മുട്ടുമ്പോൾ നമ്മുടെ ഉള്ളിൽ നിന്നും   ഉണരുന്ന വികാരം ആണ് മധുരം .. അപ്പോൾ മധുരം ലഡ്ഡു വിൽ  ആണോ ? അല്ലേ അല്ല .. നമ്മുടെ ഉള്ളിൽ ആണ് മധുരം എന്ന വികാരം ഒളിഞ്ഞിരിക്കുന്നത് .. അതിനെ ഉണര്ത്താൻ സഹായിക്കുന്ന  ഒരു വസ്തു  മാത്രം ആണ് പഞ്ചസാര

അത് പോലെ ദൈവം പുറത്ത്  ആണ് എന്നത് പോലെ തോന്നും എങ്കിലും അത് പുറത്തു എങ്ങും അല്ല .. നമ്മുടെ ഉള്ളിൽ  തന്നെ ഉള്ള ഒന്നാണ് .. മധുരം പോലെ വിവരിക്കാൻ കഴിയാത്ത, പറഞ്ഞു അറിയിക്കാൻ കഴിയാത്ത   അനുഭവിക്കാൻ മാത്രം കഴിയുന്ന ഒന്ന് .

ലഡ്ഡു , കരിമ്പ്‌ , ഗുലാബ് ജാമൂൻ എന്നിവ പല ആകൃതിയിൽ ഇരിക്കുന്നെങ്കിലും .. പല പേര് വിളിക്കുന്നെങ്കിലും .. അതിൽ ഉള്ള പഞ്ചസാര ആണ് നമ്മെ മധുരിപ്പിക്കുന്നത്.

  അത് പോലെ .. പല പല മതങ്ങളിൽ  ഉള്ള ദൈവ സ്വരൂപങ്ങൾ .. പഞ്ചസാര ചെയ്യുന്നത് പോലെ  നമ്മിൽ തന്നെ ഉള്ള ദൈവ വസ്തുവിനെ ഉണര്ത്താനുള്ള ഒരു ഉപകരണം മാത്രം ആണ് . അത് മൂലം ഉണരുന്ന ദൈവം നമ്മുടെ ഉള്ളിൽ നിന്നും ഉണരുന്നത് ആണ് . അത് കൊണ്ടാണ് ആരാധനാലയങ്ങളിലെ  ദൈവസ്വരൂപം കണ്ടു നമ്മൾ കണ്ണ് അടച്ച് പ്രാർത്ഥിക്കുന്നത്

എന്നാൽ  മതങ്ങൾ ഓരോന്നും  കല്പിക്കുന്ന ദൈവസ്വരൂപം ആണ് ദൈവം എന്ന് പറയുന്നത് ലഡ്ഡു വിൽ ആണ് മധുരം എന്ന് പറയുന്നത് പോലെ ആണ് . അത് ഒരിക്കലും സംശയം തീർക്കില്ല .

 ശരിയായ വസ്തുത പുറമേ ഉള്ള ദൈവങ്ങൾ എല്ലാം  നമ്മുടെ ഉള്ളിലെ ദൈവത്തെ ഉണര്ത്താനുള്ള ഒരു ഉപകരണം മാത്രം ആണ് .  ഉള്ളിലേ ദൈവത്തിനു മധുരം പോലെ ആകൃതി ഇല്ല ..സ്വരൂപം ഇല്ല .. അത് വിവരണാതീതം  ആണ് . അത് ഒന്നേ ഒന്നാണ് ..

മേല്പത്തൂർ വർണ്ണിക്കുന്നത് പോലെ

സാന്ദാനന്ദാവബോധം  ( കട്ടി പിടിച്ച ആനന്ദം ) .. അനുപമിതം ( വിവരിക്കാൻ കഴിയാത്തത് ) കാല ദേശങ്ങള ഇല്ലാത്തതും .. എല്ലാത്തിൽ നിന്നും നിത്യ മുക്തവും അസ്പഷ്ടവും  ആണ്.


Saturday, May 4, 2013

പ്രശ്നം 9: അക്ഷയ ത്രിതീയക്ക്‌ സ്വർണം വാങ്ങിയാൽ ഭാഗ്യം വരുമോ ?

വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ മൂന്നാമത് തിഥി യിൽ ആണ് ഭാരതത്തിൽ അക്ഷയ ത്രിതീയ ആഘോഷിക്കുന്നത് . പരശുരാമ ജയന്തി കൂടെ ആണ് ഈ ദിവസം .വേദവ്യാസൻ മഹാഭാരതം എഴുതി തുടങ്ങിയത് ഒരു അക്ഷയ ത്രിതീയ ദിവസം ആണ് എന്നാണ് കരുതപ്പെടുന്നത്

"അക്ഷയ " എന്നാൽ ഒരിക്കലും ക്ഷയിക്കാത്തത് എന്നതാണ് അർത്ഥം . ഒരിക്കലും ക്ഷയിക്കാത്താണ് ലഭിക്കുവാൻ ആണ്  ഈ ദിവസം ശ്രമിക്കേണ്ടത് .
ഒരിക്കലും ക്ഷയിക്കാത്താണ് എന്ത് ? ഒരു അണുവിൽ മുതൽ  ലോകത്തെ ഏറ്റവും വലിയ വസ്തുവിൽ വരെ നിറഞ്ഞു നിന്ന് നടനം ചെയ്യുന്ന  " ഞാൻ " എന്ന ബോധം ആണ് അത് ( അതാണ്‌ ചിദംബരത്തിൽ  അഹങ്കാരത്തിനു മുകളിൽ   നൃത്തം ചെയ്യുന്ന നടരാജ സങ്കൽപം ) . അത് ലഭിച്ചാൽ പിന്നെ വേറെ ഒന്നും ലഭിക്കണം എന്ന ആശ ഉണ്ടാവില്ല .

ഒരിക്കലും നശിക്കാത്ത ആത്മ ബോധം ലഭിക്കാൻ മെനക്കെടാതെ സ്വർണ്ണം വാങ്ങിയാൽ മതി എന്ന് എല്ലാത്തിനും എളുപ്പവഴി കാണുന്ന മനുഷ്യ മനസ്സ് വഴി തെറ്റിക്കുകയും . ഇക്കാലത്ത് അത് എല്ലാ സ്വർണ വ്യാപാരികളുടെയും ചാകര കൊയ്ത്തു കാലം ആവുകയും ചെയുതു .ജ്ഞാന ശൂന്യരായ ജനങ്ങളുടെ പ്രാകൃത ഭക്തിയെ .. ബുദ്ധിമാന്മാരായ കച്ചവടക്കാർ ചൂഷണം ചെയ്യുന്ന ദിവസം ആണ് ഇന്ന് അക്ഷയ ത്രിതീയ .

ആ ദിവസം ആരാധനാലയത്തിൽ ചെന്ന് അക്ഷയമായ ഭക്തി തരണം എന്ന് പ്രാർത്ഥിക്കുക ...വിശക്കുന്നവനു ആഹാരം കൊടുക്കുക ....ഭാഗ്യം വന്നാലും വന്നില്ലെങ്കിലും .. . ഭാഗ്യം വരണം എന്ന മോഹം അടങ്ങട്ടെ.

Wednesday, May 1, 2013

പ്രശ്നം 8 - മഹാബലി പുരാണം ശരിയായ കഥ എന്ത് ?



മഹാബലി പുരാണം ശരിയായ കഥ എന്ത് ?

മഹാബലിക്കു വാമനൻ പാദ ദീക്ഷ  നല്കി അനുഗ്രഹിച്ഛതായിട്ടാണ് ഭാഗവതം പറയുന്നത് . മറ്റെല്ലാം കാലം കൈമാറി ഭാവനയാൽ സൃഷ്ടിച്ച കഥകൾ മാത്രം .


മഹാവിഷ്ണുവുന്റെ 10 അവതാരങ്ങൾ വിവരിക്കുന്ന ഭാഗവതത്തിൽ അഞ്ചാമത്തെ അവതാരമായി ആണ് വാമാനവതാരത്തെ വിവരിക്കുന്നത് .

ഭാഗവത കഥകൾ മുഴുവൻ ആയിരക്കണക്കിന് വര്ഷങ്ങള്ക്ക് മുൻപ് സംഭവിച്ച  ഒരു ചരിത്ര വിവരണം എന്ന് കരുതിയാൽ ഒരു യുക്തിയും തോന്നുകയില്ല    മനനം ചെയ്തു പരിശോദിച്ചാൽ  ഓരോ കഥകളും  താത്വികമായ ജീവന്റെ അവസ്ഥാന്തരങ്ങളെ ആണ് വിവരിക്കുന്നത്

ഒരുവൻ എത്ര മഹാൻ ആയിക്കൊള്ളട്ടെ . പുറമേ എല്ലാ സത്കർമ്മവും ചെയ്തു കൊള്ളട്ടെ  . എത്ര ധനികനൊ ആവട്ടെ . ഒരു നാൾ കാലപുരുഷനെ നേരിടേണ്ടി വരും . സ്വതവേ എല്ലാവര്ക്കും ആദ്യം അനായാസം എന്ന് തോന്നുന്ന കാല പുരുഷൻ നിമിഷങ്ങൾ കൊണ്ട് അപ്രാപ്യൻ ആയി  അഹങ്കാരം ശമിപ്പിച്ച് എങ്ങും തിരിയാനാവാതെ ജീവനെ ആത്മ ചിന്ത ( ഈശ്വര ചിന്ത )  വരുത്താൻ പ്രേരിപ്പിക്കും . ഇത് പ്രകൃതി നിയമം ആണ് . കാലാവസ്ഥ പോലെ .. വെള്ളപ്പൊക്കം പോലെ . ഇടി മിന്നൽ പോലെ ഒഴിവാക്കാനാവാത്ത പ്രുകൃതിയുടെ മറ്റൊരു രൂപം . ഈശ്വരന് ഒരു ഒരു ഭക്തന് കൊടുക്കാവുന്ന ഏറ്റവും വലിയ വരവും അവന്റെ  അഹങ്കാര നാശം വരുത്തുക എന്നതാണ് .

നമുക്ക് അറിയാം ലോകത്തിലെ എത്രയോ ധീരന്മാരായ ഭരണാധികാരികളുടെയും , ധനികന്മാരുടെയും , നല്ല മനുഷ്യരുടെയും   ജീവിതത്തിൽ ഒരു അവസരത്തിൽ  ഈ കാലപുരുഷ സംയോഗം കാണാവുന്നതാണ് .   ഉള്ള ധനം മുഴുവൻ കൊണ്ട് കൂടിയാലും  അതൊന്നും വേണ്ട എനിക്ക് നിന്നെയാണ് വേണ്ടത് എന്ന് പറഞ്ഞു കാത്തു നില്ക്കുന്ന പ്രകൃതിയുടെ ഒരു അദൃശ്യ ശക്തി .. പലരും അവരുടെ  അഹങ്കാരം നിമിത്തം കാല പുരുഷനോട് പല അടവുകളും പയറ്റുന്നു . പക്ഷെ ഒരു ഉത്തമ ഭക്തൻ കാല പുരുഷനെ സ്വന്തം ഗുരുവായി കണ്ടു കീഴടങ്ങുന്നു .

അത് പോലെ  ബ്രഹ്മം അറിഞ്ഞ  അസുര കുല ജാത  ബ്രാഹ്മണൻ ആയിരുന്ന  മഹാബലി .. വാമനൻ വന്നപ്പോൾ തന്നെ കാലപുരുഷ സാന്നിധ്യം മനസ്സിലാക്കുകയും . ഗുരുവാക്കു പോലും ചെവിക്കൊള്ളാതെ വാമനനു സർവതും സമര്പ്പിക്കുകയും ചെയ്തു .  അപ്പോൾ വാമനൻ " ഇതൊക്കെ മാത്രം പോര .. നിന്നെയും  ( അഹങ്കാരത്തെയും ) കൂടെ സമര്പ്പിക്കണം എന്ന് പറഞ്ഞാണ് മൂന്നാമത് അടി എവിടെ വയ്ക്കണം എന്ന് ചോദിച്ചത്

മഹാബലി സ്വന്തം അഹങ്കാരം സമർപ്പിച്ചപ്പോൾ കാല പുരുഷൻ ആയ വാമനൻ  തലയിൽ പാദം വച്ച്  പാദ ദീക്ഷ നല്കി അനുഗ്രഹിച്ചു. അല്ലാതെ ഭഗവാൻ ആരെയും ചവിട്ടി പാതാളത്തിലേയ്ക്ക് താഴ്ത്തിയതായി ഭാഗവതത്തിൽ ഇല്ല .

മഹാബലിക്കു വാമനന്റെ അനുഗ്രഹം ഭാഗവതത്തിലെ തന്നെ പ്രസിദ്ധമായ ശ്ലോകം ആണ് .


രക്ഷി ക്ഷ്യെ സർവതൊഹം ത്വാം   സാനുഗം .. സപരിച്ചദം 
സദാ സന്നിഹിതം വീര തത്ര മാം ദ്രിക്ഷ്യതേ ഭവാൻ ( ഭാഗവതം ) 
വീരനായ മഹാനുഭാവാ .. താങ്കളുടെ കൂടെ എല്ലായിപ്പോഴും ഞാൻ ഉണ്ടാവും .. എല്ലായിപ്പോഴും ഞാൻ സംരക്ഷിക്കും ( സാനുഗം .. സപരിച്ചദം... സദാ സന്നിഹിതം ). അത് മാത്രമല്ല താൻ അത് കാണുകയും ചെയ്യും . മഹാബലിയുടെ ഭാഗ്യം വർണ്ണിക്കാൻ വാക്കുകളില്ല 

ഒരു കാര്യം മനസിലാക്കേണ്ടത് ഈശ്വരന്  ഒരു ഭക്തൻ കൊടുക്കുന്ന ഏറ്റവും വലിയ വഴിപാട് അവന്റെ അഹങ്കാരം സമര്പ്പിക്കുക എന്നതാണ് . അതിൽ നിന്നാണ് " മുടി മുണ്ഡനം " ചെയ്യൽ എന്നത് ഒരു പ്രതീക വഴിപാടു ആയി പല അമ്പലങ്ങളിലും നടത്തുന്നത് .

പൌൾ ബ്രിണ്ടൻ എന്ന ഇംഗ്ലീഷ് കാരൻ രമണ  മഹാര്ഷിയോടു ചോദിച്ചു

പൌൾ ബ്രിണ്ടൻ : ഞാൻ എന്റെ എല്ലാ സ്വത്തുക്കളും ദൈവത്തിനു സമർപ്പിച്ചാൽ സമാധാനം ലഭിക്കുമോ ?

മഹര്ഷി : പോരാ .. സ്വത്തിന്റെ ഉടമയെ  കൂടെ സമർപ്പിക്കണം

ഈ ഉപദേശം തന്നെ പരിശോധിച്ചാൽ മഹാബലി പുരാണത്തിലെ ജ്ഞാനം മനസ്സിലാകും .


ഉത്രാടം തിരുന്നാൾ മഹാരാജാവുമായുള്ള അഭിമുഖത്തിൽ അദ്ദേഹം ശരിയായ കഥ  പറയുന്നുണ്ട് യു ട്യൂബ്     വീഡിയോ 4:00 മുതൽ കാണുക

http://www.youtube.com/watch?v=URvBq_Sx0pA



Sunday, April 14, 2013

പ്രശ്നം 7: വിഷുക്കണി യിലൂടെ കാണുന്നതെന്ത്

വിഷുക്കണി യിലൂടെ കാണുന്നതെന്ത്

എല്ലാ വായനക്കാര്ക്കും വിഷു ആശംസകൾ 

വിഷു എന്നത് ഭാരതത്തിന്റെ വർഷാരംഭം ആണ് . സൂര്യൻ മീന രാശിയിൽ നിന്ന് മേട രാശിയിലേക്ക് കടക്കുന്ന സംക്രമം ആണ് വിഷു . ഭാരതത്തിലെ മറ്റു പലയിടങ്ങളിലും ഇത് പുതു വര്ഷം ആണ് .  

മറ്റ് പല രാജ്യങ്ങളും പുതു വത്സരം ആഘോഷിക്കുന്നത് പോലെ അല്ല ഭാരതത്തിലെ പുതുവത്സര ആഘോഷം  .ഭാരതത്തിലെ  ഓരോ ആഘോഷങ്ങല്ക്കും ഒരു ലക്ഷ്യമേ ഉള്ളു പരമാവധി ആത്മീയത ഉണര്ത്തുക . അതിൽ നിന്ന് അകന്നു പോകുന്നതാണ് ഹോളി പോലുള്ള ആഘോഷങ്ങൾ കോപ്രായങ്ങൾ ആയി മാറുന്നത് 

കേരളത്തിലെ പരമ്പരാഗത ആഘോഷങ്ങൾ ആയി നമുക്ക് പറയാൻ  മൂന്ന് ആഘോഷങ്ങൾ ആണ് ഉള്ളത് . 

ഓണം , വിഷു , തിരുവാതിര . 

വന്നോവോണം കഴിഞ്ഞു വിഷുവെന്നും വന്നില്ലല്ലോ തിരുവാതിര എന്നും എന്നാണല്ലോ ഭക്തകവി പാടിയിരിക്കുന്നത് . 

കണികാണൽ ആണ്  വിഷു ദിവസത്തെ പ്രധാന ചടങ്ങ് .  വർഷാരംഭം   കണി കാണുന്നതിലൂടെ ഒരു വര്ഷം മുഴുവൻ സമ്പത്ത്‌ സമൃദ്ധി എന്നാണു വിശ്വാസം . ഇതിന്റെ അർത്ഥം കണി കാണുന്ന എല്ലാവര്ക്കും ലോട്ടറി അടിക്കും എന്നല്ല  

  .ഇതിൽ ഉള്ള തത്വം .. ആത്മ ദര്ശനം ഒരു തവണ ലഭിച്ചാൽ പിന്നെ വര്ഷം മുഴുവൻ സന്തോഷം .. സമാധാനം ..ധനം ഇല്ലെങ്കിലും  ഒരു കുറവ് അനുഭവപ്പെടില്ല എന്നതാണ് . ഒന്ന് ആലോചിച്ചാൽ ധനം ലഭിക്കുന്നതിനേക്കാൾ സന്തോഷം അതിന്റെ കുറവ് അനുഭവപ്പെടാതിരിക്കുകയാണ് . 

. കണി കാണുന്നവർ ഈശ്വര പ്രതീകത്തെയും  പ്രകൃതിയെയും കണ്ണാടിയെയും കണ്ടു കണ്ണ് അടയ്ക്കുന്നു 

ഈശ്വരൻ തന്നെ പ്രകൃതി .. പ്രകൃതി തന്നെ നീ ... അവസാനം നീ തന്നെ ഈശ്വരൻ .. ഇതാണ് വിഷു ദിവസം രാവിലെ നിനക്ക് ലഭിക്കുന്ന ആത്മ തത്വം . അത് തന്നെ തത്വമസി . 


വാൽകഷ്ണം :

കണികണ്ടു കഴിഞ്ഞാൽ ഉറങ്ങാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്ന ആചാരം വന്നത് . പക്ഷെ ജ്ഞാന ലോപനം മൂലം .. പടക്കം വിഷുവിന്റെ ഒരു മുഖ്യ ഘടകം ആയി മാറി . എന്ന് വ്യാസന സമേതം പറയട്ടെ 






Sunday, April 7, 2013

പ്രശ്നം 6 :രാമനും കൃഷ്ണനും എല്ലാം യഥാര്‍ത്ഥത്തില്‍ ദൈവമാണോ

രാമനും കൃഷ്ണനും എല്ലാം യഥാര്‍ത്ഥത്തില്‍ ദൈവമാണോ - ചോദ്യം ചോദിച്ചത്  അഭിജിത്ത് 


ആരാണ്  ദൈവം എന്താണ് ദൈവം ? എന്താണ് ഭക്തി എന്ന് ആദ്യം ചോദിക്കുക .. 

ലോകത്ത് മനുഷ്യന്റെ എല്ലാ ആഗ്രഹവും സാധിച്ച് തരാൻ കഴിവുള്ള .. തനിക്ക് കീഴിലുള്ള ഭക്ത ജനങ്ങള് തന്നെ പൂജിച്ചാൽ സന്തോഷിക്കുന്ന .. അങ്ങനെ പൂജിക്കാത്തവനെ പല രീതിയിൽ ശിക്ഷിക്കുന്ന . 5 രൂപയ്ക്ക് വെടി വഴിപാടു നടത്തുന്നവനെക്കാൾ 50 രൂപയ്ക്ക് വെടിവഴിപാട് നടത്തുന്നവനെ കാക്കുന്ന . ഭക്തർ ദിനവും തൊഴുതാൽ പ്രസാദിക്കുന്ന .. തോഴുതില്ലെങ്കിൽ കോപിക്കുന്ന  ലോകം മുഴുവൻ അടക്കി ഭരിക്കുന്ന അദൃശ്യൻ  ആയ ഒരു ചക്രവര്ത്തി ആണോ ദൈവം. 

ഈ ചോദ്യത്തിന് "അതെ" എന്നോ .. അങ്ങനെ ആണ് ഞാൻ കേട്ടിരിക്കുന്നത് എന്നോ  ആണ് നിങ്ങളുടെ ഉത്തരം എങ്കിൽ .. നിങ്ങൾ ഭക്തിയുടെ ആദ്യ പടിയായ " പ്രാകൃത " ഭക്തിയിൽ ആണ് ഇപ്പോൾ നില്ക്കുന്നത് . അല്ലെങ്കിൽ മേൽപറഞ്ഞ ദൈവത്തെ ക്കുറിച്ചുള്ള വിവരണത്തെ  സംബന്ധിക്കുന്ന അല്ലെങ്കിൽ പ്രചരിപ്പിക്കുന്ന  എല്ലാ ആചാരങ്ങളും പ്രാകൃത ഭക്തിയിൽ ഉള്ളതാണ് . 

പ്രാകൃത ഭക്തിയിൽ ഒരു ഭക്തനു സ്വന്തം ദൈവം മാത്രം ആണ് ഏറ്റവും വലുത് .. മറ്റു മതങ്ങളിലുള്ള ദൈവങ്ങളൊട് അവജ്ഞ . ആ ദൈവങ്ങളെ പ്രാര്തിക്കുന്നവരോട് പുച്ഛം . ദൈവം ആരാധനാലയത്തിൽ മാത്രം .. അമ്പലങ്ങളിൽ പോകുമ്പോൾ വരി നിന്ന്  ദൈവത്തിനു മുന്നില് എത്തുമ്പോൾ മാത്രം പരിസരം മറന്നുള്ള ഭക്തി പ്രകടനം .. അത് വരെ പര ദൂഷണം , വരിയിൽ  ആള് ഇടയ്ക്ക് കയറിയാൽ പിടിച്ചു തള്ളൽ   . ഇതൊക്കെ പ്രകടമാകും 

ഭക്തിയുടെ അടുത്ത പടി ആണ് മധ്യമ ഭക്തി 

രാമനും .. കൃഷ്ണനും , യേശുവും, നബിയും  ശരീരം കൊണ്ട് മനുഷ്യർ ആയിരിക്കാം പക്ഷെ മധ്യമ ഭക്തർക്ക്‌  മനുഷ്യർ  അല്ല .. കാല കാലാന്തരങ്ങളിലൂടെ കൈമാറി വന്ന ഒരു പരമ തത്വം ആണ്. ഈ തത്വം അര്ജുന  ഗീത ആയും .. ഉദ്ധവ ഗീത ആയും . യോഗ വസിഷ്ടം ആയും .. ലക്ഷ്മണോപദേശം ആയും , ബൈബിൾ ആയും , ഖുറാൻ ആയും  ലോകത്തെ അഹങ്കാര വിമുക്തം ആക്കി ..  തന്നിലേയ്ക്കു തന്നെ നോക്കി ലോക ജനതയെ   ആത്മ ദര്ശനം സഫലമാക്കാൻ സഹായിക്കുന്നു . 

കാലകാലാന്തരങ്ങളിലൂടെ വരുമ്പോൾ ഇങ്ങനെ ഉള്ള  വ്യക്തികൾ പലതു മാറിയാലും . തത്വം ഒന്ന് തന്നെ എന്ന് കാണിക്കാനാണ് . അവതാരം എന്ന് പറയുന്നത് . വ്യക്തി കൾ ആണ് രാമനും കൃഷ്ണനും , മത്സ്യവും കൂര്മവും .. എന്നാൽ തത്വം ആണ് അനന്തതയിൽ ( അനന്തൻ സര്പ്പം )  ശയിക്കുന  മഹാവിഷ്ണു 

ഇങ്ങനെ മനുഷ്യന് മനസ്സിലാക്കാൻ ഒരു തത്വം ഉണ്ട് എന്ന്  അറിഞ്ഞു അതിനായി അതിനു മാത്രം ആയി യജ്ഞിക്കൽ  ആണ്  മധ്യമ ഭക്തി ..ഇത് ചെയ്യുന്നവർ  ആണ് മാധ്യമ ഭക്തർ 

ചുരുക്കി പറഞ്ഞാൽ തന്റെ ലക്‌ഷ്യം അറിഞ്ഞു തിനായി പ്രവർത്തിക്കുന്നവൻ ആണ് മധ്യമ ഭക്തൻ . 

ഇങ്ങനെ ഉള്ള ഭക്തന്റെ ലക്ഷണം ആണ് ഗീതയിൽ കൃഷ്ണൻ പറഞ്ഞിട്ടുള്ളത് 

അദ്വെഷ്ടാ സരവ ഭൂതാനാം .. മൈത്ര കരുണ ഏവച 
നിര്മാമോ നിരഹങ്കാര . സമ ദുഃഖ സുഖ ക്ഷമി 
സന്തുഷ്ട സതതം യോഗി യതാത്മാ ദ്രിഡ നിശ്ചയ 
മയ്യർപ്പിത മനോ ബുദ്ധിർ യോ മത് ഭക്ത സമെപ്രിയാ 

അർഥം 

സമചിത്തത ,സർവ  സാഹോദര്യം , എല്ലാ ജീവികളോടും കരുണ , ക്ഷമ , സന്തുഷ്ടത , ദൃട നിശ്ചയം . ബുദ്ധിയും മനസ്സും ഞാൻ ആവുന്ന ആത്മാവിൽ അർപ്പിക്കുന്നവൻ ആണ് എന്റെ ഭക്തൻ 

ഭക്തിയുടെ അവസാനം ആണ് ഉത്തമ ഭക്തി അതായത് ജ്ഞാനം

ഗുരു  തത്വം ഗ്രഹിച്ചവർ .. അതായത് ജീവിച്ചിരിക്കുമ്പോൾ തന്നെ തത്വം ഗ്രഹിച്ചു ആത്മ ദര്ശനം നേടിയവർ  ആണ് ഉത്തമ ഭക്തർ . അവര്ക്ക് ഈ ലോകത്തിൽ ദൈവത്തെ ഇല്ലാതെ മറ്റൊന്നും കാണാൻ കഴിയില്ല . അവർ ആണ് യഥാർത്ഥ മുനിമാർ  ,  സന്ന്യാസിമാർ  . ഗുരുക്കൾ. ഇത് കൊണ്ട് തന്നെ ആണ് സന്ന്യാസിമാർ സാധാരണ ആയി അമ്പലങ്ങളിൽ പോകാത്തത് . 

വിവേകാനന്ദ സ്വാമിയോട് ഒരു വിദേശി ചോദിച്ചു . " have you seen god " അദ്ദേഹം മറുപടി പറഞ്ഞു " i have seen nothing but god "

ഇത് തന്നെ ആണ് ഒരു ഉത്തമ ഭക്തന്റെ ലക്ഷണം



Thursday, April 4, 2013

പ്രശ്നം 5 ശ്രീകൃഷ്ണന് എന്തുകൊണ്ട് 16008 പത്നിമാർ ?



ഭാരതീയ   വേദാന്ത  പ്രകാരം " ഒരു ദൈവത്തിന്റെ വിവാഹം" എന്നാൽ സത്യാന്വേഷിയായ മനസ്സ്,  സത്യത്തിൽ.അതായത് . ഈശ്വരനിൽ  ലയിക്കുക എന്നതാണ് . ശിവ പാർവതി യെയും , വിഷ്ണു ലക്ഷ്മിയും , ബ്രഹ്മാ സരസ്വതിയും , വേദാന്ത പ്രകാരം  , പരമാത്മസ്വരൂപവും .. അതിൽ ലയിച്ച മനസ്സും ആണ് . ക്രിസ്തു മതത്തിൽ  സന്യാസിനിമാരെ യേശുവിന്റെ മണവാട്ടിമാരായി പറയുന്നതും ഈ തത്വം തന്നെ .

മനുഷ്യ മനസ്സിന് 3 ഭാവങ്ങളാണ് .. ഒന്നുകിൽ എന്തിനോടെങ്കിലും ഇഷ്ടം .. ( രാഗം ) അല്ലെങ്കിൽ എന്തിനോടെങ്കിലും  അനിഷ്ടം ( ദ്വേഷം ) .. അല്ലെകിൽ ഇതിൽ രണ്ടും അല്ലാത്ത മനസ്സ് ഉപയോഗിക്കാത്ത അവസ്ഥ ( വിരക്തം  )

ഈ മൂന്ന് ഭാവങ്ങൾ കൊണ്ടും മനസ്സ് നിത്യേന  പരമ പുരുഷനായ ആത്മാവിനെ പ്രാപിക്കാൻ  ശ്രമിക്കുന്നു .

മനുഷ്യ മനസ്സ് "രാഗം"  "ദ്വേഷം"  എന്നിങ്ങനെ മനസ്സിന്റെ രണ്ടു ഭാവങ്ങൾ  കൊണ്ടും 
യമം , നിയമം , ആസനം , പ്രാണായാമം ,പ്രത്യാഹാരം ,ധാരണ , ധ്യാനം , സമാധി  എന്ന  ആത്മഞാന ത്തിലെയ്ക്കുള്ള  8  വഴികളിലൂടെ  ആയിരക്കണക്കിന് വട്ടം ശ്രമിക്കുന്നതാണ് കൃഷ്ണന്റെ 16000 പത്നിമാർ .

എന്നാൽ എന്തിനോടും രാഗവും ദ്വേഷവും ഇല്ലാതെ , വിരക്തിയിലൂടെ മേല്പറഞ്ഞ  8 വഴികളികൂടെ  ഒരേ ഒരു തവണ ആത്മ ഞാനത്തിനു  ശ്രമിക്കുമ്പോൾ മാത്രമേ മനസ്സില്നു സ്ഥിരമായി പരമപുരുഷനെ പ്രാപിക്കാൻ കഴിയൂ എന്നതും ചേര്ന്നാണ്  കൃഷ്ണനു 8 പത്നിമാർ   കൂടി 16008 ഭാര്യമാർ ആവുന്നത് .

ചില ഗ്രന്ഥങ്ങളിൽ കൃഷ്ണന് 8 പത്നിമാർ മാത്രമേ ഉള്ളൂ.. മറ്റു 16000 ഗോപികമാര് ആണ്   എന്ന് പറയുന്നതിനും തത്വം ഇത് തന്നെ .

 രാഗ ദ്വേഷ കലുഷിതമായ മനസ്സ് നിരവധി ശ്രമ ഫലമായി ഭഗവാനെ പ്രാപിക്കുന്നു എങ്കിലും പിടി കൊടുക്കാതെ മംഗല്യം ലഭിക്കുന്നില്ല . അതാണ്‌ കൃഷ്ണൻ ഗോപികമാരെ ഉപേക്ഷിച്ചു പോയി എന്നതിന്റെ തത്വം .

വിരക്ത മനസ്സിന്റെ 8 വഴികളിലൂടെ ഉള്ള ഒരേ ഒരു ശ്രമത്തിൽന്റെ ഫലം ആണ് ഭഗവത് മാംഗല്യം .. അഥവാ സാക്ഷാത്കാരം ,

Wednesday, April 3, 2013

പ്രശ്നം 4 എന്താണ് ദൈവം അല്ലെങ്കിൽ ഈശ്വരൻ

എന്താണ് ദൈവം അല്ലെങ്കിൽ ഈശ്വരൻ

ഈശ്വരോ ഗുരുരാത്മേതി
മൂര്ത്തി ഭേദ വിഭാഗിനെ
വ്യോമവത് വ്യാപ്ത ദേഹായ
ദക്ഷിനാമൂര്തയെ നമ :

ലോകത്തുള്ള സകലമാന വസ്തുക്കളിലും ബോധമായി "ഞാൻ " "ഞാൻ " എന്ന് നർത്തനം  ചെയ്തു കൊണ്ടിരിക്കുന്ന സത്യ വസ്തു എന്തോ അതാണ്‌ ഈശ്വരൻ

 . ഈ വസ്തുവിനെ ഈശ്വരൻ എന്ന് വിളിക്കാം .. ഗുരു എന്ന് വിളിക്കാം .. ആത്മാവ് എന്നും വിളിക്കാം . ഈ ആത്മനർത്തനം  ആണ് ശിവന്റെ ആനന്ദ നടനം അല്ലെങ്കിൽ ആനന്ദ താണ്ഡവം. ലോകത്ത് ഏതു മതത്തിനും ഈ വസ്തു തന്നെ ഈശ്വരൻ .. തന്റെ അനുഭവം അനുസരിച്ചു ചിലര് ശിവൻ എന്നും വിഷ്ണു എന്നും യഹോവ അന്നും അള്ളാഹു എന്നും പല പേര് പറഞ്ഞു വിളിക്കുന്നു . എന്റെതാണ് ശരിയായ ഈശ്വരൻ .. നിന്റെതല്ല എന്നും പറഞ്ഞു കലഹിക്കുന്നു .

മതങ്ങൾ അനിമൽ ബിസ്ക്കറ്റ് പോലെ ആണ് .  കുട്ടികൾ എനിക്ക് ആന ബിസ്ക്കറ്റ് മതി .. കുതിര ബിസ്ക്കറ്റ് മതി എന്ന് പറഞ്ഞു വഴക്കിടുന്നു .. എന്നാൽ മുതിർന്നവർ കലഹിക്കുന്നില്ല  എല്ലാം രുചിക്കുന്നു .. കാരണം അവര്ക്ക് അറിയാം .. രൂപം കുതിര ആണെങ്കിലും ആന ആണെങ്കിലും .. രുചി ഒന്ന് തന്നെ .. ഭാരതം ഒരു മതേതര രാജ്യമായി നിലകൊള്ളുന്നതും അതുകൊണ്ട് തന്നെ


Tuesday, April 2, 2013

പ്രശ്നം 3 :എന്താണ് വരം ?

ബ്രഹ്മാവ്‌  അസുരന്മാര്‍ക്ക് വരം കൊടുത്തു  ദേവന്മാർ തപസ്സു ചെയ്തു വരം വാങ്ങി എന്നൊക്കെ എല്ലാവരും കേട്ടിട്ടുണ്ടല്ലോ ..

പുരാണ കഥകളിൽ വരം എന്നാൽ ഏതെങ്കിലും ഒരു മനുഷ്യൻ കാട്ടിലോ മലയുടെ മുകളിലോ പോയി കണ്ണ് അടച്ചു വേണമെങ്കില ഒരു കാൽ പൊക്കി ഒറ്റക്കാലിൽ നിന്ന് വര്ഷങ്ങളോളം മന്ത്രം ഉരുവിട്ട് തപസ്സ് ചെയ്തു അവസാനം ദൈവം പ്രത്യക്ഷനായി എന്ത് ചോദിക്കുന്നുവോ അത് കൊടുക്കുന്നു.

കുട്ടികള്ക്ക് ഈ കഥകൾ അനേക ദിവാസ്വപ്നം കാണാൻ ഉപകരിക്കുമെങ്കിലും മുതിരന്ന് യുക്തിചിന്ത നടത്തുന്നവര്ക്ക് ഇത് വെറും ആഭാസമായി തോന്നാം .


  തപസ്സു എന്നാൽ കാട്ടിലോ മലയിലോ പോയി മന്ത്രം ഉരുവിടുന്നത് മാത്രം അല്ല ... തപസ്സു ചെയ്യാൻ സന്യാസം സ്വീകരിക്കുകയും വേണ്ട .

നമ്മൾ ചിട്ടയോടെ എന്ത് ചെയ്താലും അത് തന്നെ  തപസ്സ്‌ . അതിൽ നമുക്ക് പ്രകൃതിയില നിന്ന് ലഭിക്കുന്ന സിദ്ധി ആണ് വരം .

നമുക്കറിയാം ദിനവും മുടങ്ങാതെ നമ്മൾ എന്ത് ചെയ്താലും അത് നമുക്ക് എളുപ്പം വഴങ്ങുന്നു . അല്ലെങ്കിൽ സിദ്ധിക്കുന്നു .. സംഗീത ഉപകരണം  പഠിക്കുന്ന കുട്ടികൾ എല്ലാ ദിവസവും മുടങ്ങാതെ രാവിലെ സാധകം ചെയ്യുന്നു അതാണ്‌ തപസ്സ് . കുറെ കാലം ആത്മാര്തതയോടെ  ചെയ്‌താൽ  അവര്ക്ക് ആ ഉപകരണം  അനായാസം വഴങ്ങുന്നു അതാണ്‌ വരം  . ചില സിദ്ധികൾ   എത്ര വര്ഷം ചെയ്താലും അത് വഴങ്ങില്ല . അതിനു ചിലപ്പോൾ  നമ്മൾ ഊണും ഉറക്കവും ഒഴിച്ചു യജ്നി ക്കേണ്ടി വരും . അത് തന്നെ പല കഥകളിലും ആദ്യം ആഹാരം ഇല്ലാതെ .. പിന്നെ ജലം ഇല്ലാതെ തപസ്സു ചെയ്തു എന്നൊക്കെ പറഞ്ഞിരിക്കുന്നത് .

ഇത് പോലെ ആണ് നമ്മുടെ പൂർവികർ തപസ്സു ചെയ്ത് പറക്കാൻ വരം വാങ്ങി .. വെള്ളത്തിനു മുകളില നടക്കാൻ വരം വാങ്ങി എന്നൊക്കെ പറയുന്നത് . ഇവ എല്ലാം സിദ്ധികൾ ആണ് .. വിമാനവും .. കമ്പ്യൂട്ടറും . ആറ്റം ബോംബും ഒക്കെ ഇത് പോലെ  അനേക വര്ഷം മനസ്സ് ഉപയൊഗിച്ച് പഠിച്ചു , ചിന്തനകളിലൂടെ  ഓരോ മനുഷ്യൻ  തപസ്സു ചെയ്തു പ്രകൃതിയില നിന്ന്  നേടിയത് ആണ് എന്ന് വേണമെങ്കിൽ  പറയാം.

ഭസ്മാസുരനു കൊടുത്ത വരം പോലെ പ്രകൃതി മനുഷ്യന് നല്കിയ പലതും ഇപ്പോൾ പ്രകൃതിക്ക് തന്നെ ഭീഷണി ആയിരിക്കുന്നു . അതിൽ ചിലവ   ആണ് ആറ്റം ബോംബ്‌ , മാരക ആയുധങ്ങൾ , മയക്കു മരുന്ന് , മണൽ മാന്തി യന്ത്രം  എന്നൊക്കെ പറയാം




Sunday, March 31, 2013

പ്രശ്നം 2 : ഭാരതത്തില്‍ എന്ത് കൊണ്ട് ആണ് മുപ്പത്തുമുക്കോടി ദൈവങ്ങള്‍ ഉണ്ട് എന്ന് പറയുന്നത് ?

നമ്മള്‍ ചിന്തിക്കാറുണ്ട്‌ .എന്തുകൊണ്ട് മറ്റു മതങ്ങള്‍ എല്ലാം ഒരേ ഒരു ദൈവത്തെ പ്രാര്‍ത്ഥിക്കുമ്പോള്‍ , സനാതന ധര്മത്തില്‍  മാത്രം ഇത്രയധികം ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത് എന്ന് .

സത്യത്തില്‍ .. ഹിന്ദു മതവും ഏക ദൈവ മതം ആണ് . ആ പരബ്രഹ്മത്തെ ഭക്തജനങ്ങള്‍ പല വിധത്തില്‍ കാണുന്നു പല പേരു വിളിക്കുന്നു എന്നതേ ഉള്ളു

ഉദാഹരണത്തിനു ,

പാത്രം , കുടം , ചട്ടി , പ്രതിമ എന്നിവ എല്ലാം ഉണ്ടാക്കിയിരിക്കുന്നത് കളിമണ്ണ് കൊണ്ടാണ് . പക്ഷെ ആരെങ്ങിലും അവയെ കളി മണ്ണ് എന്ന് വിളിക്കാറുണ്ടോ ? അവയുടെ രൂപത്തിന് അനുസരിച്ച് അവയ്ക്ക് വേറെ വേറെ പേരുകള്‍ നല്‍കിയിരിക്കുന്നു . അത് പോലെ എല്ലാ ദൈവങ്ങളും പരബ്രഹ്മത്തിന്റെ സ്വരൂപം ആണെന്കിലും ഓരോ ഭക്തന്റെ ഇഷ്ടത്തിന് അനുസരിച്ച് ഇഷ്ട ദൈവത്തെ പല പേര്‍ വിളിച്ചു ധ്യാനം ചെയ്യാനുള്ള സ്വാതന്ത്ര്യം ഹിന്ദു മതം നല്കുന്നു

എല്ലാവരും ധരിച്ചിരിക്കുന്നത്‌ മുപ്പത്തുമുക്കോടി ദൈവങ്ങള്‍ എന്ന് വച്ചാല്‍
1) വിഷ്ണു
2) ശിവന്‍
3) മുരുകന്‍
എന്നിങ്ങനെ എണ്ണി മുപ്പത്തുമുക്കോടി ദൈവങ്ങള്‍ തികയുന്നു എന്നതാണ് .. എന്നാല്‍ ഇതു ശരിയല്ല

മുപ്പത്തുമുക്കോടി എന്നത് ഒരു ആപേക്ഷികമായ കണക്കു ആണ് . വേദകാലത്ത്‌ ഈ ജനസംഖ്യ കണക്കെടുപ്പ് ഒന്നും ഇല്ലായിരുന്നല്ലോ . അതുകൊണ്ട് ഈ ലോകത്ത് നൂറു കോടി ജനങ്ങള്‍ ഉണ്ടെന്നു വിചാരിക്കുക . അതില്‍ മൂന്നില്‍ ഒരു ഭാഗം അസുരന്മാരും മൂന്നില്‍ ഒരു ഭാഗം മനുഷ്യന്മാരും മൂന്നില്‍ ഒരു ഭാഗം ദേവന്മാരും ആണ് . അപ്പോള്‍ നൂറു കോടി /മൂന്ന് എന്നത് 33.33 കോടി എന്ന് വരുന്നു . അതായത് 33 കോടി ദേവന്മാര്‍ ഉണ്ട് ഈ ഭൂമിയില്‍ എന്ന് വരുന്നു .

എല്ലാ മതങ്ങളെയും ഭാരതം സ്വീകരിക്കാന്‍ കാരണവും ഈ തത്വം ആണ് .